ചൊവ്വാഴ്ച, ജനുവരി 10, 2012

കേരളമൊഴികെ ഇന്ത്യയിലൊരിടത്തും വ്യവസ്ഥാപിത മദ്‌റസകളില്ല- ഡോ. അക്തര്‍ സിദ്ധീഖ്‌


ചേളാരി: ഇന്ത്യയിലൊരിടത്തും കേരളത്തിലേത് പോലെ വ്യവസ്ഥാപിത രീതിയില്‍ മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഡോ. അക്തര്‍ സിദ്ദീഖ് അഭിപ്രായപ്പെട്ടു.. വെസ്റ്റ്ബംഗാളില്‍ സര്‍ക്കാര്‍ നടത്തുന്ന ഏതാനും മദ്‌റസകളില്‍ സരോജിനിയും സദാനന്ദനുമാണ് അധ്യപകര്‍, ചില വടക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് എം.എല്‍.എ. നടത്തുന്ന മദ്‌റസകള്‍ക്ക് ബോര്‍ഡ് മാത്രമാണുള്ളത്. കുട്ടികളോ പഠിതാക്കളോ ഇല്ല.

സാമാജികര്‍ ഫണ്ട് വാങ്ങി കണക്കുണ്ടാക്കി സര്‍ക്കാറുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇതിന് ഉദ്യോഗസ്ഥ രാഷ്ട്രീയ പിന്തുണയും ഉണ്ട്. ചേളാരി സമസ്താലയത്തില്‍ നല്‍കിയ സ്വീകരണത്തിന് നന്ദിപറഞ്ഞു സംസാരിക്കുക യായിരുന്നു അദ്ദേഹം. ഡോ.എന്‍.എ.എം. അബ്ദുല്‍ഖാദിര്‍ അദ്ധ്യക്ഷത വഹിച്ചു. ബശീര്‍ പനങ്ങാങ്ങര, പിണങ്ങോട് അബൂബക്കര്‍ സംസാരിച്ചു.

ലക്‌നൗ ദാറുല്‍ഉലൂമുമായി ബന്ധപ്പെട്ട ഏതാനും മതപാഠശാലകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍, വ്യവസ്ഥാപിത കരിക്കുലവും പഠനവും നടക്കുന്ന ഏക സംസ്ഥാനം കേരളമാണെന്നും ഈരംഗത്ത് സമസ്ത ഏറ്റെടുത്ത് വിജയിപ്പിച്ച മതധര്‍മ്മം വില മതിക്കാത്തതാണെന്നും ഡോ. സിദ്ധീഖ് അഭിപ്രായപ്പെട്ടു.

ഡല്‍ഹി ജാമിയ്യ മില്ലിയ്യ യൂണിവേഴ്‌സിറ്റിയില്‍ വിസിറ്റിംഗ് പ്രൊഫസറായ ഡോ. അക്തര്‍ സിദ്ധീഖ് അമ്പതിലധികം അന്താരാഷ്ട്ര സെമിനാറുകളില്‍ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. എഴുപതിലധികം ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ഡോ. അക്തര്‍സിദ്ദീഖ് എന്‍.സി.ടി.ഇ. മുന്‍ ചെയര്‍മാന്‍ കൂടിയാണ്.