സംഘ ശക്തിയെ ഇനി ഇവര്‍ നയിക്കും
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ടായി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെയും ജനറല്‍ സെക്രട്ടറിയായി ഓണംപിള്ളി മുഹമ്മദ് ഫൈസിയെയും ട്രഷററായി കെ.ടി.എം. ബശീര്‍ പനങ്ങാങ്ങരയെയും തെരഞ്ഞെടുത്തു. അയ്യൂബ് കൂളിമാടാണ് വര്‍ക്കിംഗ് സെക്രട്ടറി. നാലാം തവണ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അലീഗഡ് മുസ്‌്‌ലിം സര്‍വ്വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദവും കൊല്ലം ടി.കെ.എം. എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് എം.ബി.എയും നേടിയിട്ടുണ്ട്. ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഫൈസി പട്ടിക്കാട് ജാമിഅ: നൂരിയ്യ: അറബിക് കോളേജില്‍ നിന്ന് ബിരുദം നേടിയ ശേഷം ഇന്ത്യന്‍ ഫിലോസഫി (സംസ്‌കൃതം) യില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഇപ്പോള്‍ തൃശൂര്‍ ലോ കോളേജില്‍ അവസാന സെമസ്‌റ്റര്‍ വിദ്യാര്‍ഥിയാണ്. ബശീര്‍ പനങ്ങാങ്ങര ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദ ധാരിയും ഇപ്പോള്‍ വിദ്യാഭ്യാസത്തില്‍ ഗവേഷണ വിദ്യാര്‍ഥിയുമാണ്. മറ്റു ഭാരവാഹികളായി നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തലൂര്‍, അലി കെ. വയനാട്, അബ്ദുല്ല ദാരിമി കൊട്ടില (വൈസ് പസിഡണ്ടുമാര്‍), അബ്‌്‌ദുര്‍റഹീം ചുഴലി, ഹബീബ് ഫൈസി കോട്ടോപ്പാടം, നവാസ് പാനൂര്‍, സൈദലവി റഹ്‌്‌മാനി ഗൂഡല്ലൂര്‍ (സെക്രട്ടറിമാര്‍) അബൂബക്‌ര്‍ സാലൂദ് നിസാമി, അബ്ബാസ് ദാരിമി ദക്ഷിണകന്നഡ (ഓര്‍ഗ.സെക്രട്ടറിമാര്‍) എന്നിവരെയും തെരഞ്ഞെടുത്തു. പ്രവര്‍ത്തകസമിതി അംഗങ്ങളായി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ജി.എം. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, അബൂബക്‌ര്‍ ഫൈസി മലയമ്മ, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, റശീദ് ഫൈസി വെള്ളായിക്കോട്, കെ.എന്‍.എസ് മൗലവി, മുസ്‌ത്വഫ അശ്‌്‌റഫി കക്കുപ്പടി, ആശിഖ് കുഴിപ്പുറം, എം.എ ഖലീല്‍, ഇബ്‌്‌റാഹീം എടവച്ചല്‍, റശീദ് ബെളിഞ്ചം, ഹാഫിള് അബ്ദുസ്സലാം ദാരിമി, ത്വാഹിര്‍ വയനാട്, സുബുലുസ്സലാം വടകര, പി.എം. റഫീഖ് അഹ്‌്‌മദ് തിരൂര്‍, ശഹീര്‍ ദേശമംഗലം, ജലീല്‍ ഫൈസി ഇടുക്കി, അശ്‌്‌റഫ് ഹുദവി എറണാകുളം, അബ്ദുല്‍ മജീദ് കൊടക്കാട്, മജീദ് ഫൈസി ഇന്ത്യനൂര്‍ എന്നിവരെയും തെരഞ്ഞെടുത്തു. രണ്ട് ദിവസങ്ങളിലായി പെരിന്തല്‍മണ്ണ എം.ഇ.എ എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന സംസ്ഥാന വാര്‍ഷിക കൗണ്‍സിലിന്റെ സമാപനയോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ആധ്യക്ഷ്യം വഹിച്ചു. സമസ്‌ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. സമസ്‌ത ജില്ലാ സെക്രട്ടറി പി. കുഞ്ഞാണി മുസ്‌്‌ലിയാര്‍, അശ്‌്‌റഫ് ഫൈസി കണ്ണാടിപ്പറമ്പ്, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കെ. മോയിന്‍ കുട്ടി മാസ്‌റ്റര്‍, ഷാഹുല്‍ ഹമീദ് മേല്‍മുറി, എസ്.വി. മുഹമ്മദലി, ഡോ. മുഹമ്മദലി നാട്ടിക, സ്വിദ്ദീഖ് ഫൈസി വാളക്കുളം, സി.എച്ച്. ത്വയ്യിബ് ഫൈസി, ബശീര്‍ അലനല്ലൂര്‍, സുലൈമാന്‍ ദാരിമി ഏലംകുളം പ്രസംഗിച്ചു. നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും ഓണംപിള്ളി മുഹമ്മദ് ഫൈസി നന്ദിയും പറഞ്ഞു.
എസ്. കെ. എസ്. എസ്. എഫ്
വിദ്യാര്‍ഥികള്‍ സമൂഹത്തിന്റെ മര്‍മ്മമാണ്. അവരാണ് സമൂഹത്തിന്റെ നാളേകളെ നിശ്ചയിക്കുന്നത്. അവര്‍ നീങ്ങുന്ന ദിശയനുസരിച്ചായിരിക്കും സമൂഹത്തിന്റെ ഭാവി തന്നെ തീരുമാനിക്കെപ്പടുന്നത്. ലോക ചരിത്രത്തില്‍ വിദ്യാര്‍ഥി സംഘ ശക്തിക്ക് ചെറുതല്ലാത്ത സ്വാധീനം തന്നെ നടത്താനായിട്ടുണ്ട്.
അതു കൊണ്ട് തന്നെ ലോകത്തെ ഏത് സംഘടിത പ്രസ്ഥാനവും വിദ്യാര്‍ഥികളെ തങ്ങളുടെ കൊടിക്കീഴില്‍ അണി നിരത്താനുള്ള ശ്രമങ്ങള്‍ നടത്തിയതായി കാണാം.
കേരളത്തിലെ അന്തരീക്ഷവും മേല്‍പറഞ്ഞതില്‍ നിന്ന് വ്യത്യസ്‌തമായിരുന്നില്ല. നിരവധി പ്രവര്‍ത്തനങ്ങളുമായി ഒട്ടേറെ മതകീയവും രാഷ്‌ട്രീയവുമായ സംഘടനകള്‍. പക്ഷേ സുന്നീധാരയെ പ്രതിനിധീകരിക്കുന്ന ഒരു വിദ്യാര്‍ഥി പ്രസ്ഥാനം അന്നും വിദൂര സ്വപ്‌നമായി തുടര്‍ന്നു. അഹ്‌ലുസ്സുന്നത്തിന്റെ നേതാക്കള്‍ അതെ കുറിച്ച് ചിന്തിച്ചിരുന്നില്ലെന്ന് പറയുന്നതാവും ശരി.
അങ്ങനെ ഒരു വിദ്യാര്‍ഥി പ്രസ്ഥാനം എന്തു കൊണ്ട് ആവശ്യമാണെന്നതിനെ കുറിച്ച് നേതാക്കള്‍ക്കിടയില്‍ ചര്‍ച്ച നടന്നു. പലരും അത്തരമൊരു ശ്രമത്തെ എതിര്‍ക്കുകയാണ് ആദ്യം ചെയ്‌തത്. പക്ഷേ, സമസ്‌ത ജന. സെക്രട്ടറി ശംസുല്‍ ഉലമാക്ക് കീഴിലുള്ള ഒരു അഡൈ്വസറി പരമാധികാരത്തില്‍ വേണമെങ്കില്‍ ഒരു വിദ്യാര്‍ഥി സംഘത്തിന് തുടക്കമാകാമെന്ന് അവസാനം എല്ലാവരും ഏകോപിച്ച് തീരുമാനം കൈകൊണ്ടു. എല്ലാ പ്രവര്‍ത്തനങ്ങളും അഡൈ്വസറി ബോര്‍ഡിന്റെ അറിവോടും സമ്മതത്തോടും കൂടി മാത്രമായിരിക്കണമെന്ന് ഭരണഘടനയില്‍ പ്രത്യേകം എഴുതിച്ചേര്‍ത്തു.
അങ്ങനെ സുന്നീ ധാരക്ക് പ്രത്യേകമായി ഒരു വിദ്യാര്‍ഥി സംഘം നിലവില്‍ വന്നു. പട്ടിക്കാട് ജാമിഅ നൂരിയ്യയ്യില്‍ രൂപം കൊണ്ട ഈ സംഘടനക്ക് കീഴില്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ ആവേശപൂര്‍വ്വം പ്രവര്‍ത്തിച്ചു വരികയായിരുന്നു. അതിനിടെയാണ് സംഘടനാ ഭാരവാഹികളായ ചിലരുടെ സ്വാര്‍ഥ താത്‌പര്യങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. അവര്‍ സംഘടനയെ വഴി തെറ്റിക്കാന്‍ വേണ്ട പദ്ധതികളുമായിട്ടാണ് രംഗത്ത് വന്നു കൊണ്ടിരുന്നത്.
അവര്‍ സമസ്‌ത നേതാക്കള്‍ക്കെതിരെ പോലും ആരോപണങ്ങളുന്നയിച്ചു തുടങ്ങിയപ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ പലരും തയ്യാറായി. സംഘടനയുടെ ഈ വഴിവിട്ട പോക്കിനെതിരെ പലരും രംഗത്ത് വന്നു തുടങ്ങി. ഒരു ശുദ്ധീകരണം അത്യാവശ്യമാണെന്ന് സമസ്‌തയുടെ നേതാക്കള്‍ തന്നെ തുറന്ന് പറയുന്നത് വരെ കാര്യങ്ങളെത്തി.
1989. സംഘടനാ ചരിത്രത്തിലെ പ്രക്ഷുബ്‌ധമായ അന്തരീക്ഷം. ഉസ്‌താദുമാരെയും നേതാക്കളെയും വിലകല്‍പിക്കുന്ന ഒരു ബദല്‍ വിദ്യാര്‍ഥി പ്രസ്ഥാനം ഉയര്‍ന്നു വരിക കാലത്തിന്റെ ആവശ്യമായിരുന്നു. സമൂഹത്തിന്റെ ആവശ്യത്തില്‍ നിന്നായിരുന്നു എസ്. കെ. എസ്. എസ് എഫ് രൂപം കൊള്ളുന്നത്.
1989 ഫെബ്രുവരി 19. അന്നാണ് എസ്. കെ. എസ്. എസ്. എഫ് എന്ന പേരില്‍ പുതിയ ഒരു സംഘടന രംഗത്തു വന്നത്. കോഴിക്കോട് സാമൂതിരി ഹൈസ്‌കൂളില്‍ വെച്ച വിളിച്ചു ചേര്‍ത്ത വിദ്യാര്‍ഥി കണ്‍വെന്‍ഷനില്‍ വെച്ച് സംഘടനയുടെ സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നു.
മര്‍ഹൂം സി. എഛ് ഹൈദറൂസ് മുസ്‌ലിയാരായിരുന്നു സംഘടനയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മര്‍ഹൂം കെ. വി മുഹമ്മദ് മുസ്‌ലിയാര്‍ കൂറ്റനാട് പരിപാടി ഉദ്‌ഘാടനം ചെയ്‌തു. മര്‍ഹൂം കെ. കെ അബൂബക്കര്‍ ഹസ്‌റത്തായിരുന്നു പരിപാടിയുടെ അധ്യക്ഷന്‍. സംഘടനയുടെ നയപ്രഖ്യാപനം നടത്തിയതാകട്ടെ മര്‍ഹൂം കെ. ടി മാനു മുസ്‌ലിയാരും.
ഒരു മുദ്രവാക്യമുയര്‍ത്തി പിടിച്ച് സംഘടനയെ പൊതു സമൂഹത്തിന് പരിചയപ്പെടുത്തണമെന്നായി തീരുമാനം. അതിന് സംഘടനയുടെ ലക്ഷ്യങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ പ്രകാശിപ്പിക്കുന്ന ഒരു മുദ്രാവാക്യത്തെ കുറിച്ച് ആലോചന നടന്നു. അങ്ങനെയാണ് `വിജ്ഞാനം, വിനയം, സേവനം' എന്ന മുദ്രാവാക്യം ഉയര്‍ന്നു വരുന്നത്. നിലവിലുണ്ടായിരുന്ന പഴയ വിദ്യാര്‍ഥി പ്രസ്ഥാനത്തിന് ഈ മുദ്രാവാക്യം തന്നെ ഒരു മറുപടിയായി. വിജ്ഞാനം വിനയത്തിനും അത് തുടര്‍ന്ന് സേവന മനസ്‌കതക്കും നയിക്കണമെന്ന ബോധമാണ് ഈ മുദ്രാവാക്യം പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ആശയം.
വിജ്ഞാനം ഇസ്‌ലാമിന്റെ ആണിക്കല്ലാണ്. വിദ്യ അഭ്യസിക്കാനുള്ള വിളിയാളമാണ് ഖുര്‍ആന്റെ പ്രഥമാവതരണം തന്നെ. വായനയിലൂടെയേ ലോകത്തിന് വെളിച്ചം പകരാനാകൂ എന്ന് പഠിപ്പിക്കുകയായിരുന്നു സത്യത്തില്‍ ഇതിലൂടെ ഖുര്‍ആന്‍.
പക്ഷേ ഖുര്‍ആന്‍ ആവശ്യപ്പെടുന്ന വായനരീതിക്ക് ഒരു ദിവ്യപരിവേഷമുണ്ട്. ധാര്‍മകിതയാണ് ആ വായനക്ക് താളം പകരേണ്ടത്. അവിടെ വായനയും വിദ്യാഭ്യാസവുമെല്ലാം പരലോക രക്ഷക്ക് കാരണമായിത്തീരേണ്ട സംഗതികളാണ്. സാംസ്‌കാരികനായ പഠിതാവിനെയാണ് ഇസ്‌ലാം ലക്ഷീകരിക്കുന്നത്. മനുഷ്യനെന്ന നിലയില്‍ അവന് പവിത്രത കല്‍പിക്കപ്പെട്ടതിന്റെ കാരണവും അവന്‍ നേടിയ വിജ്ഞാനമാണ്. ഇബാദത്തുകളില്‍ ഏറ്റവും പുണ്യകരം വിദ്യാഭ്യാസമാണെന്ന ഗസ്സാലിയന്‍ വീക്ഷണത്തിന്റെ അടിസ്ഥാനവുമിതാണ്.
വിജ്ഞാനം വഴി നടത്തേണ്ടത് വിനയത്തിലേക്കാണ്. വിദ്യയുടെ വര്‍ധനവനുസരിച്ച് പഠിതാവില്‍ താഴ്‌മയും വിനയവും കനം തൂങ്ങുമെന്നാണ് പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്. വിനയമില്ലാത്ത വിജ്ഞാനിക്ക് സമൂഹത്തില്‍ സ്ഥാനമില്ലെന്നതിന്റെ ഒന്നാമത്തെ തെളിവ് ഇബ്‌ലീസ് തന്നെയാണല്ലോ. ഈ വിനയ മനോഭാവമാണ് അത് വരെ പ്രവര്‍ത്തിച്ചു വന്ന വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍ നിന്നും എസ്. കെ. എസ്. എസ്. എഫിനെ വ്യത്യസ്‌തമാക്കിയത്.
വിജ്ഞാനവും വിനയവും മുഖമുദ്രയാക്കിയ സംഘടനകള്‍ക്കേ സേവനം ഒരു തൊഴിലല്ലെന്നും ധര്‍മമാണെന്നും തിരിച്ചറിയാനാകൂ. അത്തരമൊരു സംഘത്തിനേ സമൂഹത്തിന്റെ മനസ്സാക്ഷി തൊട്ടറിയാന്‍ കഴിയൂ.
സംഘടനയുടെ നിലനില്‍പ് സമൂഹത്തിന്റെ മനസ്സാക്ഷിയിലാണ്. അവിടെയാണത് പച്ച പിടിക്കേണ്ടത്. അതില്ലാത്ത കാലത്തോളം സംഘടനകള്‍ക്ക് പ്രായോഗിക തലത്തില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കാനാകില്ല തന്നെ.
ഈ ലക്ഷ്യം കടലാസില്‍ പതിഞ്ഞു കിടക്കേണ്ട കേവലം വാക്കുകളല്ല. മറിച്ച് അവ മനസ്സുകളില്‍ നിന്ന് മനസ്സുകളിലേക്ക് മാറ്റം ചെയ്യപ്പെടേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ സമൂഹത്തിന്റെ നവോഥാനത്തിനും സമുദ്ധാരണത്തിനും വഴി തെളിക്കാനാകൂ. സംഘടനയുടെ രണ്ടു പതിറ്റാണ്ടു കാലത്തെ ചരിത്രം നമുക്ക് നല്‍കുന്ന പാഠം അതാണ്.
ത്വലബാ വിംഗ്
ദര്‍സ് അറബിക് കോളേജ് വിദ്യാര്‍ഥികളുടെ സംഘടിത രൂപം. അവരുടെ നാനോന്മുഖമായ പുരോഗതികള്‍ മുഖ്യ അജണ്ട. മത കലാലയങ്ങളില്‍ ആദര്‍ശ പ്രചരണത്തിന്റേതായ സ്ഥിര വേദി. വിദ്യ നേടുന്നതോടൊപ്പം ആത്മസംസ്‌കരണത്തിന്റെ ആവശ്യകതകളെ കുറിച്ച് വിദ്യാര്‍ഥികളെ ബോധവാന്മാരാക്കുന്നു. വര്‍ഷങ്ങളിലോരോന്നിലും ത്വലബാ കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിച്ച് കാലാനുകഗതമായി കലാലയങ്ങളില്‍ വരുത്തിക്കൊണ്ടിരിക്കേണ്ട മാറ്റങ്ങളെ കുറിച്ച് വിദ്യാര്‍ഥികളെ ബോധവാന്മാരാക്കുന്നു. ആവശ്യമായ മാറ്റങ്ങളെ കുറിച്ച് അംഗങ്ങളുടെ അഭിപ്രായസ്വരൂപണം നടത്തി വേണ്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നു. മജ്‌ലിസ് ഇന്‍തിസ്വാബിന്റെ മുന്നോടിയായി കണ്ണൂരില്‍ നടന്ന കേരള ത്വലബാ മീറ്റ് കര്‍മരംഗത്ത് കൂടുതല്‍ മുന്നോട്ടു പോകാന്‍ സഹായകമായി.
ക്യാമ്പസ് വിംഗ്
ഭൗതിക ക്യാമ്പസുകളിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ധാര്‍മികതയുടെയും നീതിയുടെയും ശബ്‌ദമുയര്‍ത്താനുള്ള വിളിയാളം. അധാര്‍മികതകള്‍ തിന്നു തീര്‍ക്കുന്ന കാമ്പസുകള്‍ക്ക് അല്‍പമെങ്കിലും മതബോധം വരുത്തുകയെന്ന ലക്ഷ്യത്തില്‍ എസ്. കെ. എസ്. എസ്. എഫ് തുടങ്ങിയ ഏളിയ ശ്രമം. ചുരുങ്ങിയ വര്‍ഷങ്ങളുടെ മാത്രം പരിചയം. പക്ഷേ, പിന്നിട്ട ചരിത്രത്തില്‍ ഏറെ വിജയകരം.
തീവ്ര വാദവും അശ്ലീലതയുമെല്ലാം ആധിപത്യം ചെലുത്തുന്ന കാമ്പസുകള്‍ക്ക് ചെറിയ തോതിലെങ്കിലും പരിഹാരമായി ഈ കൂട്ടായ്‌മ.
ക്യാമ്പസ് വിംഗ് ഇന്ന് ഏറെ വ്യാപിച്ചു. കാമ്പസുകളില്‍ പുതിയ മാറ്റങ്ങള്‍ക്ക് അത് തിരി കൊളുത്തി. ധര്‍മത്തിന്റെ പക്ഷത്തെയാണ് അതെന്നും വിദ്യാര്‍ഥികള്‍ക്കിടയില്‍ ഉയര്‍ത്തിക്കാട്ടിയത്. അതിനായി നിതാന്തം അത് ശബ്‌ദിച്ചു കൊണ്ടിരിക്കുന്നു.
വ്യത്യസ്‌ത കാമ്പസിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഏകീകരണം പോലും സാധ്യമാക്കിയിട്ടുണ്ട് വിംഗ്. അവരിലെ സര്‍ഗവാസനകള്‍ വളര്‍ത്തുന്നതിനായി പ്രത്യേക മത്സരങ്ങളും സര്‍ഗലയവുമെല്ലാം നടത്തി വരുന്നു.
കടന്നു വരുന്ന ഓരോ വര്‍ഷങ്ങളിലും ഈ ആശയത്തിന് വിദ്യാര്‍ഥികള്‍ക്കിടിയില്‍ കൂടുതല്‍ സ്വീകാര്യത ലഭിച്ചു കൊണ്ടിരിക്കുന്നു. അതവര്‍ക്ക് ഇടയില്‍ നന്മയുടെ വിളിയാളമായി വേരൂന്നിക്കൊണ്ടിരിക്കുന്നു. മജ്‌ലിസ് ഇന്‍തിസ്വാബിന്റെ മുന്നോടിയായി പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ച നാഷണല്‍ കാമ്പസ് കാള്‍ കേരളത്തിനകത്തും പുറത്തും കൂടുതല്‍ കാമ്പസുകളില്‍ സംഘടനയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സഹായകമായി.
കലകളെയും സംസ്‌കാരിക ചിഹ്നങ്ങളെയും ഏറെ ഉയര്‍ത്തിക്കാട്ടുന്ന മതമാണ് ഇസ്‌ലാം. മനുഷ്യ മനസ്സുകളില്‍ കലകള്‍ക്കുള്ള സ്വാധീനത്തെ തിരിച്ചറിഞ്ഞുട്ടണ്ടത്.
ഇസ്‌ലാമെന്ന് ജീവിത ശാസ്‌ത്രം തന്നെ നിരവധി കലാമൂല്യങ്ങളെ ഉള്‍ക്കൊള്ളുന്നു. ഖുര്‍ആനോളം പോന്ന ഒരു സാഹിത്യ ഗ്രന്ഥം ലോകത്ത് അപ്രാപ്യമാണെന്നതിന്റെ അര്‍ഥം അതാണ്. ഗദ്യവും പദ്യവുമല്ലാത്ത കലാരൂപത്തെ പരിചയപ്പെടുത്തുകയായിരുന്നു യഥാര്‍ഥത്തില്‍ ഇസ്‌ലാം ഇവിടെ.
സമൂഹത്തില്‍ വളര്‍ന്നു വരുന്ന തലമുറകളില്‍ നിരവധി സര്‍ഗ പ്രതിഭകള്‍ ഉണ്ട്. സര്‍ഗവാസന അല്ലാഹുവിന്റെ അപാരമായ വരദാനങ്ങളാണ്. അതു കൊണ്ട് തന്നെ അവയുടെ പരിപോഷണം അത്യാവശ്യമാണെന്ന് വരുന്നു.
കലകളും സാഹിത്യങ്ങളും മനുഷ്യരുടെ സക്രിയതക്കായിട്ടായിരിക്കണം ഉപയോഗപ്പെടുത്തപ്പെടേണ്ടത്. അതായത് അധാര്‍മിതകളെ പ്രോത്സാഹിപ്പിക്കുന്ന സംരംഭങ്ങളെ നിരുത്സാഹപ്പെടുത്തേണ്ടതുണ്ട്. ഈ തലങ്ങളിലെല്ലാം എസ്. കെ. എസ്. എസ്. എഫിന് ചില കാര്യങ്ങളൊക്കെ ചെയ്‌തു തീര്‍ക്കേണ്ടതായുണ്ട്.
തദാവശ്യാര്‍ഥം പുതുതലമുറയില്‍ വളര്‍ന്നുവരുന്ന പ്രതിഭകളെ തിരിച്ചറിയാനുള്ള വേദിയാണ് സര്‍ഗലയം. ചുരുങ്ങിയ വര്‍ഷങ്ങളുടെ മാത്രം ചരിത്രമാണ് സര്‍ഗലയം പദ്ധതിക്കുള്ളതെങ്കിലും കാലികവും ശാസ്‌ത്രീയവുമായ നിരവധി മാറ്റങ്ങളോടെ വര്‍ഷാവര്‍ഷങ്ങളില്‍ ഇത് നടന്നുവരുന്നു. മേഖലകളിലും പഞ്ചായത്ത് തലങ്ങളിലെല്ലാം ആദ്യ ഘട്ട മത്സരം കഴിഞ്ഞ് അതിലെ വിജയികളെ ജില്ലാതലത്തിലും തുടര്‍ന്ന സംസ്ഥാന തലത്തിലും മത്സരിപ്പിച്ച് ഓരോ രംഗങ്ങളിലെയും മികച്ച പ്രതിഭകളെ കണ്ടെത്താന്‍ ഈ സര്‍ഗലയം വഴിയൊരുക്കുന്നു.
ഇസ്‌ലമിക് സാഹിത്യ അക്കാദമി- ഇസ
രക്ത സാക്ഷിയുടെ രക്തകണങ്ങളേക്കാള്‍ പവിത്രമാണ് പണ്ഡിതന്റെ തൂലികയില്‍ നിന്നൊഴുകുന്ന മഷിത്തുള്ളികള്‍. സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്‌ലാം ഏറെ വില കല്‍പിക്കുന്നുണ്ട്. സാഹിതീയ പ്രവര്‍ത്തനങ്ങള്‍ പ്രബോധനത്തിന്റെ മാര്‍ഗാമാണെന്നതിനാലാണത്. വിശുദ്ധ ഖുര്‍ആനും തിരു സുന്നത്തുകള്‍ ഉള്‍ക്കൊള്ളുന്ന ഹദീസുകളുമെല്ലാം ഇതിന്റെ നിത്യ നിദര്‍ശനങ്ങളാണ്.
ഇസ്‌ലാമിന്റെ ത്വരിതമായി പ്രബോധനനം മുന്നില്‍ കണ്ടു കൊണ്ട് സ്ഥാപിതമായ പ്രസിദ്ധീകരണ ശാലയാണ് ഇസ്‌ലാമിക് സാഹിത്യ അക്കാദമി- ഇസ. സമൂഹത്തിലെ വിവിധ ഭാഗങ്ങള്‍ അവരുടെതായ ഗ്രന്ഥാലയങ്ങള്‍ ഇസക്ക് മുമ്പേ തുടങ്ങിയിരുന്നുവെങ്കിലും അവയില്‍ പലതും തെറ്റുധാരണാജനകവും വ്യാജവുമായിരുന്നു. അതില്‍ നിന്നുള്ള ഒരു മാറിനടത്തമായിരുന്നു സത്യത്തില്‍ ഇസയുടെ ഉത്തരവാദിത്തം. ഇസ്‌ലാമിക വായന ലോകത്ത് വേറിട്ട ശബ്‌ദമായിട്ടായിരുന്നു ഇസയുടെ പിറവി. അതുവരെ അനുവര്‍ത്തിച്ച വന്ന രീതികള്‍ക്കൊരു തിരുത്ത്. കാലത്തിന്റെ ചുവരെഴുത്തുകളില്‍ നിന്ന് വായനകളുടെ മാറിയ ധാരകളെ തിരിച്ചറിഞ്ഞു കൊണ്ടുള്ള ഒരു നീക്കം.
സുന്നി വിശ്വാദര്‍ശങ്ങളെ സംബന്ധിച്ച് ഗഹനവും അഗാധവുമായ നിരവധി പഠനങ്ങള്‍, മുസ്‌ലിം ലോകത്തിന്റെ ചരിത്രത്തെ ആഴത്തില്‍ അപഗ്രഥിക്കുന്ന ചരിത്രങ്ങള്‍, സംഘടനാ പ്രസിസിദ്ധീകരണങ്ങള്‍, കാഴ്‌ചയുടെയും കേള്‍വിയുടെയും ഇസ്‌ലാമികമായ ഇടപെടലുകള്‍ തുടങ്ങി ഇസയുടെ പ്രവര്‍ത്തനങ്ങള്‍ എണ്ണമറ്റതാണ്.
സ്വഹീഹുല്‍ ബുഖാരി ഒന്നാം വാള്യത്തിന് സമ്പൂര്‍ണ വ്യാഖ്യാനമിറക്കാനായി എന്നത് ഇസയുടെ ചരിത്രത്തിലെ പൊന്‍തൂവലാണ്. റഹ്‌മത്തുല്ല ഖാസിമി മൂത്തേടത്തിന്റെ സമ്പൂര്‍ണ ഖുര്‍ആന്‍ പരിഭാഷയും ഇത്തരുണത്തില്‍ എടുത്തുപറയേണ്ടതുണ്ട്.
നൂറോളം പുസ്‌തകങ്ങളും ഇരുനൂറിലേറെ വി. സി. ഡികളുമെല്ലാം ഇതിനകം തന്നെ ഇസ പുറത്തിറക്കിക്കഴിഞ്ഞിട്ടുണ്ട്.
സൈബര്‍ സെല്‍
ഐ. ടി യുഗത്തിലെ പുതിയ സാധ്യതകളെ ഉപയോഗപ്പെടുത്തി ഇസ്‌ലാമിക പ്രബോധനത്തിനും മത പ്രചരണത്തിനും ആവശ്യമായ നൂതന പദ്ധതികളാവിഷ്‌കരിക്കുന്നു. മാതൃകാ മഹല്ലുകളുടെ നടത്തിപ്പിനായി തയ്യാര്‍ ചെയ്‌ത `മഹല്ല് സോഫ്‌റ്റ്' സോഫ്‌റ്റ് വെയര്‍ സൈബര്‍ സെല്ലിന്റെ പ്രധാന പ്രവര്‍ത്തനങ്ങളില്‍ പെട്ടതാണ്. ബെയ്‌ലക്‌സ് മെസ്സഞ്ചര്‍ ഉപയോഗപ്പെടുത്തി കേരള ഇസ്‌ലാമിക് ക്ലാസ്സ് റൂം പ്രവര്‍ത്തനങ്ങളും അപ്‌ഡേഷനുമെല്ലാം സൈബര്‍ സെല്‍ ഏറ്റെടുത്തു നടത്തുന്നു. കൂടാതെ നിരവധി ബ്ലോഗ് സ്‌പോട്ടുകള്‍ മറ്റു നൂതന സംരംഭങ്ങള്‍ എല്ലാം സെല്ലിന് കീഴില്‍ നടന്നു വരുന്നു.
സ്റ്റുഡന്റ്‌സ് ഹോസ്റ്റല്‍
ഇസ്‌ലാമിക് സെന്ററിലാണ് വിദ്യാര്‍ഥികള്‍ക്കായുള്ള ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്. സമൂഹത്തിലെ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസ സൗകര്യമൊരുക്കുകയാണ് ഈ പദ്ധതിയിലൂടെ സംഘടനയുടെ ലക്ഷ്യം.
ഇസ്‌ലാമിക് സെന്ററിന്റെ മൂന്ന് നിലകളിലായി ഹോസ്റ്റലുകള്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ നൂറിലേറെ വിദ്യാര്‍ഥികള്‍ ഇന്നിവിടെ താമസിച്ച് തങ്ങളുടെ വിദ്യാസപര്യയില്‍ മുഴുകിയിരിക്കുന്നു.
ഹോസ്റ്റലിലെ വിദ്യാര്‍ഥികളുടെ ആത്മീയ പുരോഗതിക്കും തസ്‌കിയത്തിനുമായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നുണ്ട്. ആഴ്‌ചയിലൊരിക്കല്‍ അവര്‍ക്ക് പ്രത്യേക മതപഠന ക്ലാസുകള്‍ സംഘടിപ്പിക്കപ്പെടുന്നു. കൃത്യതയും കണിശതയുമാണ് ഈ ഹോസ്റ്റലിനെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്‌തമാക്കുന്നത്.
റിസര്‍ച്ച് ആന്റ് അനലൈസിംഗ് വിംഗ്
പുതുതായി വരുന്ന പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കുന്നു. അവ്വിഷയകമായി പുതിയ ഗവേഷണങ്ങള്‍ക്ക് വഴിയൊരുക്കുന്നു. വളര്‍ന്നു വരുന്ന തലമുറയിലെ എഴുത്തുകാര്‍ക്കും പ്രാസംഗികര്‍ക്കും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി അവരെ സജ്ജരാക്കുന്നു. കാലികമായ പ്രശ്‌നങ്ങളെ കുറിച്ച് കൃത്യമായ ധാരണയും ബോധവുമുള്ള ഒരു തലമുറയുടെ ജന്മത്തിനായി ശ്രമിക്കുന്നു.
ഇടപെടലുകള്‍
ഇടപെടലുകളാണ് സംഘടനകള്‍ക്ക് ജനകീയാടിത്തറ നല്‍കുന്നത്. സാമൂഹികമായ വിഷയങ്ങളിലെ ഇടതിരെ പ്രതിഷേധിച്ചും മര്‍ദിതര്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം ചെയ്‌തുമെല്ലാം സംഘടന അതിന്റെ ചരിത്രത്തില്‍ ഇടപെടലുകളുടെ ഒരു അധ്യായം തന്നെ കുറിച്ചിട്ടുണ്ട്.
ബീമാപള്ളി പോലീസ് വെടിവെയ്‌പില്‍ എസ്. കെ. എസ്. എസ്. എഫ് നടത്തിയ ഇടപെടലുകള്‍ വളരെ സക്രയമായിരുന്നു. അതിന്റെ ഫലമായി നാലു പോലീസ് ഉദ്യോഗസ്ഥരെ ഗവണ്‍മെന്റ്‌സസ്‌പെന്റ് ചെയ്യുകയും ഹൈക്കോടതി നിര്‍ദേശ പ്രകാരം നരഹത്യക്ക് കേസെടുക്കുകയും ചെയ്‌തു. അക്രമത്തില്‍ പരിക്കേറ്റ എഴുപതോളം കുടുംബങ്ങള്‍ക്ക് സംഘടന സാമ്പത്തിക സഹായം നല്‍കി.
മാറാട്ടെ കലാപത്തിലും സംഘടന അതിന്റേതായ രീതിയില്‍ ഇടപെട്ടിട്ടുണ്ട്. സംഘ് പരിവാര ശക്തികള്‍ കോഴിക്കോട് തര്‍ബിയത്തിലേക്ക് റെയിഡ് മാര്‍ച്ച് നടത്തിയപ്പോള്‍ അതിനെതിരെ പ്രതീകാത്മക രക്ഷാ വലയം തീര്‍ക്കാനും സംഘടന മുന്നോട്ട് വന്നു.
സ്‌കൂള്‍ പാഠപുസ്‌തകത്തിലെ മതവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ സംഘടന ഇടപെട്ടതു മൂലം വിദ്യാഭ്യാസ വകുപ്പിന് പാഠ പുസ്‌തകത്തിലെ വിവാദ ഭാഗങ്ങള്‍ പിന്‍വലിക്കേണ്ടി വന്നു.
സ്‌കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട് മാര്‍ക്‌സിസ്റ്റ് ഗവണ്‍മെന്റ് പുതിയ നിയമനിര്‍മാണവുമായി വന്നപ്പോഴും സംഘടന അതിശക്തമായി തന്നെ ഇടപെടിട്ടുണ്ട്.
കേരള ചരിത്രത്തില്‍ ഏകപക്ഷീയമായ പോലീസ് വെടിവെപ്പില്‍ ആറ് നിരപരാധികളുടെ ജീവന്‍ പൊലിഞ്ഞുപോയ ആദ്യ സംഭവമാണ് കഴിഞ്ഞ മെയ് 17-ന് ബീമാപള്ളിയില്‍ നടന്നത്. കേരളത്തിലെ പോലീസ്-ഗുണ്ടാ ബന്ധത്തിന്റെ നടുക്കുന്ന ഓര്‍മകളാണ് ഇന്നും ബീമാപള്ളിക്കാര്‍ക്ക് ആ വെടിവെപ്പുകള്‍. കടപ്പുറത്ത് കാറ്റുകൊണ്ടിരുന്നവരും ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്നവരും വെടിയൊച്ചച്ചകേട്ട് ഓടിയെത്തിയത് ഭ്രാന്ത് പിടിച്ച കേരള പോലീസിന്റെ നിറയൊഴിച്ചുകൊണ്ടിരിക്കുന്ന തോക്കിന്‍മുനയിലേക്കായിരുന്നു.
ആറ് പേര്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ട, 47 പേര്‍ക്ക് പരിക്കേല്‍ക്കേണ്ടിവന്ന സംഭവത്തില്‍ സര്‍ക്കാരും കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളും സാംസ്‌കാരിക സാഹിത്യ നായകരും കാണിച്ച കുറ്റകരമായ അനാസ്ഥയും മൗനവും നമുക്ക് ഒട്ടേറെ തിരിച്ചറിവുകള്‍ നല്‍കുന്നതാണ്. കുറ്റക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്ന് മാറി പ്രലോഭനത്തിലൂടെ പ്രതിഷേധങ്ങള്‍ അടക്കിവെക്കാനായിരുന്നു സര്‍ക്കാറിന്റെ ശ്രമം. ഇതിനുവേണ്ടി പോലീസിനെ കൊണ്ട് കള്ളക്കഥ എഴുതിപ്പിച്ചു. ചില `മത മേധാവി'കളെ കൊണ്ട് വാക്ക് മാറ്റിപ്പറയിപ്പിച്ചു. പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ട (?) ജുഡീഷ്യല്‍ അന്വേഷണം ഉടനടി അംഗീകരിച്ച്; പ്രഖ്യാപനം നടത്തി. അതിലൂടെ പോലീസിനെതിരായ നടപടികള്‍ വളരെ തന്ത്രപൂര്‍വം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം കൊടുത്തു. ഇതിനേക്കാള്‍ ഒരു സര്‍ക്കാറിന് എന്തു ചെയ്യാന്‍ എന്ന ഭാവത്തിലാണ് കൊടിയേരിയുള്ളത്.
എന്നാല്‍ ക്രിയാത്മകമായ ചില ഇടപെടലുകളാണ് സമസ്‌തയും കീഴ്‌ഘടകങ്ങളും ഇക്കാര്യത്തില്‍ നടത്തിയത്. ബീമാപള്ളിക്കാര്‍ ഇത് ഇപ്പോഴും അഭിമാനപൂര്‍വ്വം അനുസ്‌മരിക്കുന്നുമുണ്ട്. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള സംഘം മരണപ്പെട്ടവരുടെ വീടുകളും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെയും സന്ദര്‍ശിച്ചു. സംഭവങ്ങളെക്കുറിച്ച് വിശദമായി പഠിച്ച് തിരുവനന്തപുരത്ത് വെച്ച് തന്നെ സമസ്‌തയുടെ അഭിപ്രായവും വിമര്‍ശനവും നിര്‍ദേശങ്ങളും പത്രപ്രസ്‌താവനയിലൂടെ സര്‍ക്കാറിനേയും പൊതുസമൂഹത്തേയും അറിയിക്കുകയായിരുന്നു.
എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റി ഇവ്വിഷയകമായി മാത്രം അടിയന്തിര യോഗം വിളിച്ചുചേര്‍ത്ത് തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സമിതിയെ നിയമിക്കുകയായിരുന്നു. പ്രഥമ ഘട്ടമായി ഒരു പ്രതിനിധി സംഘം സംഭവ സ്ഥലങ്ങളും ബന്ധപ്പെട്ട വ്യക്തികളെയും സന്ദര്‍ശിക്കുകയും പ്രാഥമിക പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം പ്രസ്‌ക്ലബില്‍ വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ക്കുകയും ചെയ്‌തു. സര്‍ക്കാറിന്റെ കെടുകാര്യസ്ഥത, പോലീസിനെതിരെയുള്ള നടപടി, നഷ്‌ടപരിഹാരം, ജുഡീഷ്യല്‍ അന്വേഷണം, മാധ്യമങ്ങളുടെയും സാംസ്‌കാരിക നായകരുടെയും മൗനം തുടങ്ങിയ കാര്യങ്ങളില്‍ സംഘടനയുടെ നിലപാട് അറിയിക്കുകയും ചെയ്‌തു.
സര്‍ക്കാറിന്റെ നീക്കങ്ങള്‍ സംശയാസ്‌പദമായ സാഹചര്യത്തില്‍ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഇടപെടല്‍ ഉണ്ടാവണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനെ കണ്ട് സംസ്ഥാന ഭാരവാഹികള്‍ ചര്‍ച്ച നടത്തുകയും നിവേദനം നല്‍കുകയും ചെയ്‌തു.
സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതരേയും പരിക്കേറ്റവരെയും സഹായിക്കുന്നതിനായി സംഘടന ഒരു സഹായ നിധി പ്രഖ്യാപിക്കുകയും ന്യായമായ ആവശ്യമുന്നയിച്ച് ആഭ്യന്തര വകുപ്പ് മന്ത്രി കൊടിയേരി ബാലകൃഷ്‌ണന്റെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്‌തു. തെക്കന്‍ ജില്ലകളില്‍ നിന്നും ബീമാപള്ളി പ്രദേശത്ത് നിന്നും നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ചിന് ശേഷം ആഭ്യന്തര മന്ത്രിയുമായി ചര്‍ച്ച നടത്തുകയും ചെയ്‌തു. നഷ്‌ടപരിഹാര തുക വര്‍ധിപ്പിക്കല്‍, മരിച്ചവരുടെ ആശ്രിതര്‍ക്ക് പ്രഖ്യാപിച്ച തൊഴില്‍ സംബന്ധമായി സര്‍ക്കാര്‍ ഉത്തരവ്, കാല് മുറിച്ച് മാറ്റപ്പെട്ടയാള്‍ക്കുള്ള നഷ്‌ടപരിഹാരം, തൊഴില്‍ തുടങ്ങിയ വിഷയങ്ങളിലാണ് ചര്‍ച്ച കേന്ദ്രീകരിച്ചത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച തൊഴില്‍ സംബന്ധമായി കലക്‌ടറെ കൊണ്ട് ഔദ്യോഗികമായി കുടുംബത്തിന് കത്തു കൊടുപ്പിക്കാമെന്നും കാല് മുറിച്ച് മാറ്റപ്പെട്ടയാള്‍ക്ക് സ്വന്തമായി ചെയ്യാവുന്ന തൊഴിലോ ആശ്രിതന് ജോലിയോ നല്‍കുന്ന കാര്യം പരിഗണിക്കാമെന്നും മന്ത്രി ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി.
നേതാക്കളുടെ ആഹ്വാനവും പത്രവാര്‍ത്തയും കൊണ്ട് മാത്രം നിരവധി ഉദാരമതികള്‍ സഹായ നിധിയിലേക്ക് അവരുടെ സംഭാവനകള്‍ എത്തിച്ചുതന്നു. സംഘടന സ്വരൂപിച്ച ഈ സഹായനിധി ബീമാപള്ളിയില്‍ ചെന്ന് തന്നെ സംസ്ഥാന പ്രസിഡണ്ട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ വിതരണം ചെയ്‌തു. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും മെഡിക്കല്‍ കോളേജ്, എസ്.ആര്‍. ആശുപത്രി എന്നിവിടങ്ങളില്‍ കഴിയുന്നവര്‍ക്കുമായി മൊത്തം അന്‍പത്തി ഏഴ് കുടുംബങ്ങള്‍ക്ക് സഹായനിധി വിതരണം ചെയ്‌തു. ധനസഹായ വിതരണ സദസ്സില്‍ സ്‌ത്രീകളും പുരുഷന്മാരുമടങ്ങുന്ന വലിയൊരു ജനാവലി സംബന്ധിക്കുകയുണ്ടായി. മരണപ്പെട്ടവര്‍ക്കും ചികിത്സയില്‍ കഴിയുന്നവര്‍ക്കുമായി പ്രത്യേക പ്രാര്‍ത്ഥന സദസ്സും സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഈ പരിപാടിയില്‍ തിരുവനന്തപുരം ജില്ലയിലെ സമസ്‌തയുടെയും കീഴ്‌ഘടകങ്ങളുടെയും നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.
മുഖ്യധാരാ മാധ്യമങ്ങള്‍ മൂടിവെച്ച ബീമാപള്ളി സംഭവത്തി
ന്റെ യഥാര്‍ഥചിത്രം സത്യസന്ധമായി ലോകം മുഴുവന്‍ അവതരിപ്പിച്ചത് സംഘടനയുടെ വിഷ്വല്‍ മീഡിയയായ `ഖാഫില'യിലൂടെയായിരുന്നു. സംഭവത്തിന്റെ നിജസ്ഥിതി അറിയാതിരുന്ന നാട്ടിലും മറുനാട്ടിലുമുള്ളയാളുകള്‍ക്ക് ഖാഫിലയിലൂടെ പ്രക്ഷേപണം ചെയ്‌ത ഡോക്യുമെന്ററി ഏറെ ഉപകാരപ്രദമായി. ഖാഫില പ്രോഗ്രാമില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് ഇവ്വിഷയകമായി ദുബൈയില്‍ ബീമാപള്ളിയില്‍ നടന്ന ഭരണകൂട ഭീകരത സംബന്ധിച്ച് ഒരു സെമിനാര്‍ നടന്നു.
വേദനിക്കുന്നവരുടെയും ദുരിതം പേറുന്നവരുടെയും അടുത്തെത്തി മുതലെടുപ്പ് നടത്തുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നവര്‍ക്കിടയില്‍ സംഘടന നടത്തിയ ഈ വേറിട്ട നിശ്ശബ്‌ദമായ സാന്ത്വന സ്‌പര്‍ശം നാഥന്‍ സ്വീകരിക്കട്ടെ... ഈ സുകൃതങ്ങളില്‍ പങ്കാളികളായ വരെ നാഥന്‍ അനുഗ്രഹിക്കട്ടെ...
ഗള്‍ഫ് യൂനിറ്റുകള്‍
വിദേശ രാഷ്‌ട്രങ്ങളിലും ഈ സംഘടന ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിച്ചു വരുന്നു. പ്രവാസത്തിന്റെ പുറം പോക്കുകളിലും സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കായി സമയം കണ്ടെത്താന്‍ ശ്രമിക്കുന്ന ആത്മാര്‍ഥരായ പ്രവര്‍ത്തകരാണ് ഇതിന്റെ വിജയം.
യു. എ. ഇ കേന്ദ്രീകരിച്ച് നാഷണല്‍ എസ്. കെ. എസ്. എസ് എഫ് കമ്മിറ്റിയും സഊദി അറേബ്യ, കുവൈത്ത്, ഖത്തര്‍, ബഹ്‌റിന്‍, ദമാം, മസ്‌കത്ത്, ഒമാന്‍, തുടങ്ങിയ രാജ്യങ്ങളില്‍ സുന്നി- ഇസ്‌ലാമിക് സെന്ററുകളായും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നതൃത്വം നല്‍കുന്നു.
രാഷ്‌ട്ര രക്ഷ വ്യക്തിയെ സംബന്ധിച്ചിടത്തോളം ജീവിത സുഖത്തിന്റെ ഭാഗമാണ്. മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം അത് വിശ്വസത്തിന്റെ തന്നെ ഭാഗവുമാണ്. മനുഷ്യ ജാലിക രാഷ്‌ട്ര രക്ഷക്കായുള്ള സൗഹൃത്തിന്റെ കരുതലാണ്. സമൂഹത്തില്‍ വേരൂന്നിക്കൊണ്ടിരിക്കുന്ന തീവ്രവാദ നിലപാടുകള്‍ക്കെതിരെ സംഘടനയുടെ ശബ്‌ദം. സാമുദായിക സ്‌നേഹത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും വിളിയാളം.
മതേതര ഇന്ത്യയില്‍ ഒരു മത സംഘടനക്ക് ഇങ്ങനെയും പ്രവര്‍ത്തനമാകാം എന്ന് പ്രഖ്യാപിക്കുന്നുണ്ട് ഓരോ വര്‍ഷവും കൂടുതല്‍ ജനകീയമായി കൊണ്ടിരിക്കുന്ന മനുഷ്യ ജാലിക . സൗഹൃദം പൂക്കുന്ന മനസ്സുകള്‍ തീവ്രവാദ ചിന്താഗതികള്‍ക്ക് പ്രതിരോധം തീര്‍ക്കുന്ന ഉരുക്കുകോട്ടകളാണെന്ന് മനുഷ്യജാലികകള്‍ പ്രഖ്യാപിക്കുന്നു.
ഫാസിസത്തിന്റെയും തീവ്രവാദത്തിന്റെയും രൗദ്രഭാവങ്ങള്‍ തീര്‍ത്ത തീക്കനകലുകളെ കെടുത്താനുള്ള ശ്രമമാണ് മനുഷ്യ ജാലികകള്‍. സമാധാന പ്രിയമായ മനസ്സുകളുടെ കൂട്ടായ്‌മയാണ് ഇതിന്റെ വിജയം. സമാധാനത്തിലൂടെ ധാര്‍മക വിപ്ലവം നടത്തുകയാണ് ഈ പടയാളികള്‍.
ഓരോ വര്‍ഷത്തെയും റിപ്പബ്ലിക് ദിനങ്ങളില്‍ ജില്ലാ ആസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ഇത് നടക്കുന്നു. മനുഷ്യജാലികയില്‍ സൗഹൃദത്തിന്റെ കരുതല്‍ തീര്‍ക്കുകയാണ് എസ്. കെ. എസ്. എസ്. എഫ് ഇതിലൂടെ.
ഇസ്ലാമിക് സെന്‍റര്‍
സംഘടനാചരിത്രത്തിലെ നാഴികക്കല്ലായിരുന്നു ഇസ്‌ലാമിക് സെന്റര്‍ എന്ന ആശയം.
കോഴിക്കോട് റെയില്‍ വെ സ്റ്റേഷന്‍ ലിങ്ക് റോഡില്‍ 40 സെന്റ് സ്ഥലത്ത് തലയുയര്‍ത്തി നില്‍ക്കുന്നു ഈ മന്ദിരം. കേരളത്തിനകത്തും പുറത്തുമുള്ള സംഘടനാ പ്രവര്‍ത്തകരുടെ അകമഴിഞ്ഞ സഹകരണത്തോടെ നിര്‍മിക്കപ്പെട്ട ഈ മന്ദിരം 2002 ജൂണില്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ് മുസ്‌ലിം കൈരളിക്കായി സമര്‍പ്പിച്ചത്.
എസ്. കെ. എസ്. എസ്. എഫ് ആസ്ഥാന മന്ദിരം, സത്യധാര ദൈ്വവാരിക, ഇസ ബുക്ക് സ്റ്റാള്‍, സ്റ്റുഡന്‍സ് ഹോസ്‌റ്റല്‍, ഓഡിറ്റോറിയം, മസ്‌ജിദ്, ഷോപ്പിംഗ് കോംപ്ലക്‌സ്, ഖാഫില സ്റ്റുഡിയോ, ഹജ്ജ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍, എംപ്ലോയ്‌മെന്റ് ബ്യൂറോ, റഫറന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ലൈബ്രറി, പ്രവാസി മഹല്‍, സൈബര്‍ സെല്‍ തുടങ്ങി സംഘടനയുടെ നിരവധി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഈ പഞ്ച നില കെട്ടിടത്തിലാണ്.
സത്യധാര ദൈവാരികയിലെ 'കോഫി ഇന്‍' എന്ന ക്യാമ്പസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള
പംക്തിയിലേക്ക് സര്‍ഗാത്മകമായ സൃഷ്ടികള്‍ ക്ഷണിക്കുന്നു. കവിതകള്‍, കാര്ട്ടൂണ്‍, ഫോട്ടോ ഫീച്ചര്‍, ടെക്നോളജി, മിനിക്കഥ, എന്നിവ അയച്ചു തരിക :
mail to- skssfcampazone@gmail.com
രോഗികളുടെ ശൂശ്രൂഷ പുണ്യകരമായ കര്‍മമാണ്. അതില്‍ അല്ലാഹുവിന്റെ സാമീപ്യമുണ്ടെന്നാണ് പ്രമാണങ്ങളുടെ പക്ഷം. ഒരു ഹദീസിന്റെ സംഗ്രഹം ഇങ്ങനെ: അന്ത്യനാളിന്റെ ദിനം. അല്ലാഹു ചോദിക്കുന്നു: `ഞാന്‍ രോഗിയായി. എന്നിട്ടെന്തേ നീ എന്നെ സന്ദര്‍ശിച്ചില്ല?' അടിമ ചോദിക്കും: `നീ ലോകനാഥനല്ലേ, നീ എങ്ങനെ രോഗിയാകും?' `എന്റെ ഒരു അടിമ രോഗിയായി. പക്ഷേ, നീ അവനെ സന്ദര്‍ശിക്കാന്‍ കൂട്ടാക്കിയില്ല. അവനില്‍ ഞാനുണ്ടായിരുന്നു; നീ അവനെ സന്ദര്‍ശിച്ചിരുന്നുവെങ്കില്‍!'
മാരകമായ രോഗങ്ങള്‍ കൊണ്ടു പൊറുതി മുട്ടുന്നവര്‍ക്കായി സാമ്പത്തിക സഹായം എത്തിക്കുകയാണ് സഹചാരിയുടെ ദൗത്യം. സൗജന്യ മരുന്ന് വിതരണം, രോഗികള്‍ക്കുള്ള ഡയാലിസീസ് സംവിധാനം തുടങ്ങി നിരവധിപ്രവര്‍ത്തനങ്ങള്‍ സഹചാരി റിലീഫ് സെല്‍ നടത്തിവരുന്നു.
അപേക്ഷാ ഫോറത്തിന് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക:പേജ് 1- http://www.4shared.com/photo/6xaw4nHy/SAHACHARI_1.html
പേജ് 2- http://www.4shared.com/photo/bB80144h/SAHACHARI_2.html
സംഘടനകളെ സംബന്ധിച്ചിടത്തോളം മുഖപത്രം അനിവാര്യമാണ്. മുഖപത്രങ്ങള്‍ സംഘടനകളുടെ കണ്ണാടികളാണ്. അതിലൂടെയാണ് പൊതുജനമധ്യത്തില്‍ സംഘടനകള്‍ വിലയിരുത്തപ്പെടുന്നത്. ഈ ഒരു തിരിച്ചറിവാണ് ഒരു പ്രസിദ്ധീകരണമെന്ന ആശയത്തിലേക്ക് എസ്. കെ. എസ്. എസ്. എഫ് നേതൃത്വത്തെ എത്തിച്ചത്.
പ്രസിദ്ധീകരണത്തിന്റെ ശൈലി എന്താകണമെന്നതിനെ കുറിച്ചായി പിന്നെ ചിന്ത. പേരുകള്‍ പലതും നിര്‍ദേശിക്കപ്പെട്ടു. അവസാനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നിര്‍ദേശം അംഗീകരിക്കപ്പെട്ടു. കാലങ്ങളായി പ്രവര്‍ത്തകര്‍ നെഞ്ചിലേറ്റി നടന്ന സ്വപ്‌നം 1997 ആഗസ്‌ത് 2 ശനിയാഴ്‌ച സാക്ഷാല്‍കൃതമായി.
സത്യത്തിന്റെ വിളംബരവുമായി അനുവാചക ഹൃദയങ്ങളിലേക്ക് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ തൃക്കരങ്ങളാല്‍ സത്യധാര സമര്‍പ്പിക്കപ്പട്ടു.
മാസികയായിട്ടായിരുന്നു തുടക്കം. പില്‍ക്കാലത്ത് പ്രവര്‍ത്തനങ്ങളുടെ ആധിക്യവും ഇടപെടേണ്ട വിഷയങ്ങളുടെ വര്‍ധനവും മാസികയെ ദൈ്വവാരികയാക്കി.
ഇത് സമകാലികവും ഇസ്‌ലാമികവുമായ വായനകളുടെ കളരി. സാമൂഹിക ജീര്‍ണതകള്‍ക്കെതിരെയും സമൂഹത്തിലെ അന്ധവിശ്വാസങ്ങള്‍ക്കെതിരെയും ശക്തമായ പ്രതിരോധം. അക്ഷരങ്ങളും വാക്കുകളും കൂട്ടിച്ചേര്‍ത്ത് വിശ്വാസാദര്‍ശങ്ങള്‍ക്ക് കാവലൊരുക്കുകയാണ് ഈ പ്രസിദ്ധീകരണം.
സമൂഹത്തില്‍ വേരൂന്നി കൊണ്ടിരിക്കുന്ന തീവ്രവാദ നിലപാടുകളെ പേന കൊണ്ട് ശക്തമായെതിര്‍ത്തു. സമൂഹത്തിന് ഭീകരതയുടെയും തീവ്രതയുടെയും നിഴലില്‍ നിന്ന് രക്ഷ നല്‍കി. അവരെ സത്യത്തിന്റെ ധാരയിലേക്കാനയിച്ചു.
കാലങ്ങള്‍ക്കനുസൃതമായ മാറ്റങ്ങളെ ഉള്‍ക്കൊണ്ടു കൊണ്ടാണ് സത്യധാരയുടെ പ്രയാണം. ശില്‍പികള്‍ മുന്നില്‍ കണ്ട ലക്ഷ്യങ്ങളില്‍ നിന്ന് ഒട്ടും വ്യതിചലിക്കാതെ തന്നെ.
ഇസ്‌ലാമിക സമൂഹത്തില്‍ ദഅ്‌വത്തും ഇസ്‌ലാഹും ഏറെ അനിവാര്യമത്രെ. അതിന്റെ നിര്‍ബന്ധ ബാധ്യതയില്‍ നിന്ന് ഒരാള്‍ക്കും ഒഴിഞ്ഞുമാറുക സാധ്യമല്ല. നിങ്ങള്‍ മുഖേന ഒരാളെങ്കിലും സന്മാര്‍ഗ സിദ്ധരാകുകയാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ആകാശഭൂമിയുലുള്ളതിനേക്കാള്‍ ഉത്തമമെന്ന് പ്രവാചക അധ്യാപനം.
യുദ്ധം പോലും ഇസ്‌ലാം കണ്ടത് പ്രബോധനത്തിന്റെ ഭാഗമെന്നോണമായിരുന്നു. ജിഹാദ് സത്യത്തില്‍ അവസാനത്തെ കൈ ആണ്. ഇന്ത്യ നമ്മുടെ രാഷ്ട്രമാണ്. ഇവിടത്തെ ഇസ്‌ലാമിക സാഹചര്യം നമ്മെ സംബന്ധിച്ചിടത്തോളം പ്രബോധനം എങ്ങനെയെല്ലാം സാധ്യമാകുമെന്നതിന്റെ വ്യക്തമായ പാഠങ്ങളാണ്. വ്യക്തി ജീവിതങ്ങളുടെ പവിത്രതയായിരുന്നു ഇവിടെ ഇസ്‌ലാമിനെ ഇത്രയും വ്യാപകമാക്കിയത്. ഉത്തരേന്ത്യയില്‍ കടന്നുവന്ന സൂഫീകളുടെ ആത്മികതയിലധിഷ്‌ഠിതമായ ജീവിത രീതിയും അവരുടെ വ്യക്തിത്വവുമാണ് ഇന്ത്യ ഉപഭൂഖണ്ഡത്തില്‍ ഈ മതത്തെ ഇത്രത്തോളം പ്രചരിപ്പിച്ചത്.
പ്രബോധനത്തിന്റെ ഈ വഴിയില്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന ചിന്തയില്‍ നിന്നാണ് `ഇബാദ'് ഉദയം കൊള്ളുന്നത്. സംഘടനാ പ്രവര്‍ത്തനങ്ങളുടെ തിരക്കുകളില്‍ നിന്ന് പൂര്‍ണമായി ഒഴിഞ്ഞിരിക്കുന്ന ഒരു വിഭാഗത്തെ തന്നെ ഇത്തരം ദഅവീ സംരംഭങ്ങള്‍ക്കായി സജ്ജരാക്കണമെന്ന് തീരുമാനമുണ്ടായി. അങ്ങനെ സംസ്ഥാനതലത്തില്‍ പതനൊന്നു അംഗങ്ങളുള്ള സമിതിയായി ഇബാദ് രൂപം കൊണ്ടു.
ഇസ്‌ലാമിനെ കുറിച്ച് ആളുകള്‍ക്കുള്ള സംശയങ്ങള്‍ തീര്‍ക്കാനായി കോണ്‍ടാക്‌ട് ക്ലാസുകള്‍ നടത്തുന്നുണ്ട് ഇബാദിപ്പോള്‍. പൊതു സമൂഹത്തില്‍ ചിലരെങ്കിലും വെച്ചു പുലര്‍ത്തിയിരുന്ന തെറ്റുധാരണകളെ തിരുത്താന്‍ ഇതുമൂലമായിട്ടുണ്ട്. നിരവധി പേരെ ഇതുവഴി ഇസ്‌ലാമിന്റെ സ്വഛന്ദമായ പറുദീസയിലെത്തിക്കാനുമായി.
മൂസ്‌ലിം സമൂഹത്തില്‍ നടമാടിക്കൊണ്ടിരിക്കുന്ന ജീര്‍ണ്ണതകള്‍ക്കെതിരെ ജിഹാദ് നടത്താനും ഇബാദ് ശ്രമിച്ചിട്ടുണ്ട്. മഹല്ലുകളിലെ ഖതീബുമാരുടെയും മുദര്‍രിസുമാരുടെയുമെല്ലാം സഹകരണത്തോടെ മഹല്ലുകളിലെ ദുഷ്‌പ്രവണതകള്‍ക്കെതിരെ ശക്തമായി രംഗത്ത് വരാന്‍ ഇബാദ് ഏറെ ശ്രമിച്ചു. വൈയക്തികവും സാമൂഹികവും കുടുംബപരവുമായ നിരവധി മേഖലകളില്‍ ഉടലെടുത്തിരുന്ന നിരവധി അനാചാരങ്ങളെ ഇല്ലായ്‌മ ചെയ്യാനും അതിനെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുമെല്ലാം കുറഞ്ഞ കാലങ്ങള്‍ കൊണ്ട് തന്നെ ഇബാദിനായി.
ഖാഫില
ദൃശ്യമാധ്യമ രംഗത്തെ നമ്മുടെ സാന്നിധ്യം. അശ്ലീലതയുടെയും അസംബന്ധത്തിന്റെയും ഇരുളില്‍ നേരിന്റെയും നന്മയുടെയും കെടാവിളക്ക്. മൂന്ന് വര്‍ഷത്തെ പ്രയാണത്തില്‍ സമ്പാദിച്ചത് പ്രേക്ഷകലക്ഷങ്ങളെ.
വ്യാഴാഴ്‌ചകളില്‍ വൈകുന്നേരം 3.30 ന് ജീവന്‍ ടി. വിയില്‍ സംപ്രേഷണം ചെയ്യപ്പെടുന്നു. പുന സംപ്രേഷണം വെള്ളിയാഴ്‌ച രാത്രി 1 മണിക്ക്.
ഫോണ്‍ ഇന്‍ പ്രോഗ്രാം, വഴിയടയാളങ്ങള്‍, ഡോക്യുമെന്ററി, യാത്രാഡയറി, അഭിമുഖങ്ങള്‍, ചര്‍ച്ചകള്‍ തുടങ്ങി നിരവധി ഉപകാരപ്രദമായ പ്രോഗ്രാമുകള്‍....
ടൈം ടു റിവൈവ് എഡ്യൂക്കേഷന്‍; നോ ഡിലേ - ട്രെന്റ്
സമൂഹത്തിന്റെ തുടര്‍വിദ്യാഭ്യാസ മേഖലയില്‍ പുതിയ വഴിത്തിരിവുകള്‍ക് കാരണമായി. കിട്ടാക്കനിയെന്നു കരുതിയിരുന്ന സിവില്‍ സര്‍വ്വീസ് പോലും നമ്മുടെ സമൂഹത്തിനന്യമല്ലെന്ന് തെളിയിച്ചു.
പ്രവര്‍ത്തന ചരിത്രം ചുരുങ്ങിയ കാലത്തിന്റേതാണെങ്കിലും ഇതിനകം തന്നെ ധാര്‍മിക ബോധമുള്ള രണ്ടു ഐ. എ. എസു കാരെ സമൂഹത്തിനായി സമര്‍പ്പിച്ചു. അബൂബക്‌ര്‍ സ്വിദ്ദീഖും പി.സി. ജഅ്‌ഫറും നമ്മുടെ അഭിമാനമാണിന്ന്.
പുതിയ തലമുറകളില്‍ നിന്ന് ഐ. എ. എസുകാരെ വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. സിവില്‍ സര്‍വ്വീസ് തന്നെയാണ് തുടര്‍ പഠന മേഖലയില്‍ പ്രോഗ്രാം പ്രധാന ഇനമായി എടുക്കുന്നത്. പുതുതായി ഏഴ് വിദ്യാര്‍ഥികള്‍ എച്ച്. ഇ. പിയുടെ സാമ്പത്തിക സഹായത്തോടെ ഈ മേഖലയില്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്നു.
മസ്‌കത്ത് സുന്നി സെന്ററിന്റെ സാമ്പത്തിക സഹായത്തോടെ വളര്‍ന്നു വരുന്ന പ്രതിഭകള്‍ക്ക് അവരുടെ അഭിരുചി അനുസരിച്ച് പരിശീലനം നല്‍കി വരുന്നു.
വിദ്യാഭ്യാസമാണ് ഓരോ സമൂഹങ്ങളുടെയും കൈത്താങ്ങ്. വിജ്ഞാനമാണ് അവരെ സജീവരാക്കുന്നത് തന്നെ. പില്‍ക്കാല ചരിത്രത്തില്‍ അവര്‍ക്ക് ഇടം കൊടുക്കുന്നതും. നിത്യജീവിതത്തില്‍ വിജ്ഞാനത്തിന്റെ വിനിമയത്തിനുള്ള പ്രസക്തി ഇസ്‌ലാമിനോളം പറഞ്ഞ മറ്റു മതങ്ങളില്ല തന്നെ. വിജ്‌ഞാനം മുസ്‌ലിമിന്റെ കൈ കളഞ്ഞു പോയ സ്വത്താണ്. അതെവിടെ കണ്ടുകിട്ടിയാലും വീണ്ടെടുക്കാന്‍ അവനാണ് ഏറ്റവും അര്‍ഹനെന്ന് പ്രവാചകര്‍.
കാലങ്ങളായി മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ നമ്മുടെ നാട് വിദ്യാഭ്യാസ പരമായി, വിശിഷ്യാ ഭൗതിക മേഖലയില്‍, എറെ പിന്നിലാണെന്ന് യാഥാര്‍ഥ്യം സംഘടനാ നേതൃത്വം തിരിച്ചറിഞ്ഞു. വളര്‍ന്നു വരുന്ന തലമുറക്ക് അറിവിന്റെ പുതിയ മാനങ്ങള്‍ കാണിച്ചു കൊടുക്കുകയെന്നത് തുടര്‍ന്നുള്ള പ്രവര്‍ത്തന കാലത്തെ മുഖ്യ അജണ്ടയായി. ആ മേഖലയില്‍ മാര്‍ഗനിര്‍ദേശം നല്‍കാന്‍ പോന്ന ഒരു സമിതി എന്ന ആശയം രൂപം കൊള്ളുന്നത് അന്ന് മുതല്‍ക്കാണ്.
ഏത് മേഖലയിലും തത്‌പരരായ ആളുകളെ വളര്‍ത്തിയെടുക്കാനുള്ള ശ്രമമാണ് ട്രെന്റ്. സമൂഹത്തില്‍ അത്യാവശ്യമാണെന്ന് തോന്നിയ ഒന്നിന്റെ ജന്മം അതിലൂടെ സാധ്യമായെന്നതിന് പില്‍ക്കാല ചരിത്രം തന്നെ സാക്ഷി.
ഭൗതിക വിദ്യാഭ്യാസ മേഖലയില്‍ പിന്നാക്കമെന്ന് ചരിത്രം എഴുതിയ സമൂഹത്തെ ആധുനിക വിദ്യാഭ്യാസ രീതികളുടെ അരിക് പറ്റി നടക്കാന്‍ പ്രാപ്‌തരാക്കുകയായിരുന്നു ട്രെന്റിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന്. മതമൂല്യങ്ങളില്‍ അടിയുറച്ച് കൊണ്ട് തന്നെ ഭൗതിക വിദ്യാഭ്യാസം കരുപ്പിടിപ്പിക്കാനാകുമെന്ന തിരിച്ചറിവാണ് അത് കാലത്തിന് നല്‍കിയത്.
കരിയര്‍ ഗൈഡന്‍സ്, മോട്ടിവേഷന്‍ ക്ലാസുകള്‍, പി. എസ്. സി കോച്ചിങ്ങ്, ഫാമിലി കൗണ്‍സിലിംഗ്, ഐ. എ. എസ് കോച്ചിങ്ങ്, പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ്, ഗേറ്റ് വേ എക്‌സാം, ടെലി കൗണ്‍സിലിംഗ് തുടങ്ങി ട്രെന്റിന്റേതായ പ്രവര്‍ത്തന മേഖല വിശാലമായി കിടക്കുന്നു.
പ്രത്യേക പരിശീലനം നേടിയവരും പ്രഗത്ഭരുമായ നൂറ്റി അമ്പതോളം ആര്‍. പിമാരുടെ സേവനം ഇന്ന് ട്രെന്റിനുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സ്റ്റെപ് എന്ന ഹ്രസ്വകാല കോഴ്‌സ് ഇസ്‌ലാമിക് സെന്റര്‍ കേന്ദ്രീകരിച്ച് നടത്തിവരുന്നു.










